About EKN Centre

ആമുഖം

മാനവരാശി ഒട്ടേറെ പ്രതസന്ധികളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണല്ലോ ഇത്‌.മനുഷ്യാവകാശങ്ങള്‍ നിഷേധിച്ചുകൊണ്ട്‌ ഒരു ന്യൂനപക്ഷം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടുമുള്ള ബഹുഭൂരിഭാഗം ജനങ്ങളുടേയും ജീവിതം ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്നു.യുദ്ധം,ആഗോളവല്‍ക്കരണം ,മത-വംശീയ-ഭീകരത,പ്രകൃതി വിഭവങ്ങളുടെ അമിതമായ ചൂഷണം ഇവയെല്ലാം ഈ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ്‌.ഈ പ്രതിസന്ധികള്‍ക്കിടയിലും അവയെ അതിജീവിച്ച്‌ സാമൂഹ്യരീതിയിലും സര്‍ഗ്ഗാത്മക ജനാധിപത്യത്തിലും അടിയുറച്ച സാമൂഹ്യക്രമം സാധ്യമാണെന്നും അതിന്‌ ജനങ്ങളുടെ കൂട്ടായ്‌മയും പോരാട്ടവും അനിവാര്യമാണെന്നും വിശ്വസിച്ച്‌ പ്രവര്‍ത്തിക്കുന്നവരുണ്ട്‌.അതിലൊരാളായിരുന്നു നമ്മെ വിട്ടുപിരിഞ്ഞ ഇ.കെ. നാരായണന്‍ മാഷ്‌.ഇ.കെ.എന്‍ .ഇന്ന്‌ നമ്മോടൊപ്പമില്ലെന്ന യാഥാര്‍ത്ഥ്യമാണ്‌ അദ്ദേഹത്തിന്റെ സ്‌മരണ നിലനിര്‍ത്താന്‍ ഉതകും വിധം ഒരു സ്ഥാപനം വേണമെന്ന ആശയത്തിലേക്ക്‌ വിവിധ മേഖലകളിലുള്ള അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെ നയിച്ചത്‌.ഇ.കെ.എന്‍ വിദ്യാഭ്യാസ ഗവേഷണ വികസന കേന്ദ്രം ഈ ആശയത്തിന്റെ സാക്ഷാല്‍ക്കാരമാണ്‌.നല്ലൊരു നാളെയെ സ്വപ്‌നം കണ്ട്‌ അദ്ദേഹം തുടങ്ങി വച്ച പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച എന്ന നിലയില്‍ ജനജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠനവിധേയമാക്കലും ജനങ്ങളോടൊപ്പം നിന്നു പ്രവര്‍ത്തിക്കലുമാണ്‌ കേന്ദ്രം ലക്ഷ്യമിടുന്നത്‌.


രജിസ്‌ട്രേഷനും പ്രവര്‍ത്തന പരിധിയും

തിരുവിതാംകൂര്‍ -കൊച്ചി ചാരിറ്റബിള്‍ സൊസൈറ്റീസ്‌ ആക്ട്‌ XII, 1955 അനുസരിച്ച്‌ തൃശ്ശൂര്‍ജില്ലാ രജിസ്‌ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്‌തതാണ്‌ ഇ.കെ.എന്‍ വിദ്യാഭ്യാസ ഗവേഷണ വികസന കേന്ദ്രം.രജി.നമ്പര്‍ 593/2003,dt.08-08-03

ഇ.കെ.എന്റെ ഒരു മുഖ്യപ്രവര്‍ത്തന മണ്ഡലം ഇരിങ്ങാലക്കുട കേന്ദ്രീകരിച്ചായിരുന്നു. അതുകൊണ്ട്, കേരളമാകെ പ്രവര്‍ത്തന പരിധിയുള്ള സ്ഥാപനമായിരിക്കെ തന്നെ ഇതിന്റെ ആസ്ഥാനം ഇരിങ്ങാലക്കുടയാകട്ടെയെന്ന്‌ തീരുമാനിച്ചിരിക്കുകയാണ്‌.


മുഖ്യമായ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും
 • വിദ്യാഭ്യാസം,പൊതുജനാരോഗ്യം,പരിസ്ഥിതി ജെന്‍ഡര്‍,കലാസംസ്‌ക്കാരം,പ്രാവര്‍ത്തിക വികസനം തുടങ്ങിയ മേഖലകളില്‍ പഠനഗവേഷണം നടത്തുകയും സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങളുടെ ജീവിതപ്രവര്‍ത്തനങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്തുന്നതിന്‌ സഹായിക്കുകയും ചെയ്യുക.
 • ജനങ്ങളില്‍ ശാസ്‌ത്രബോധം ഉളവാക്കുന്നതിനും സാമൂഹ്യനീതിയിലും തുല്യതയിലും അധിഷ്‌ഠിതമായ പുരോഗനാത്മകമായ സാമൂഹ്യക്രമം സൃഷ്ടിക്കുന്നതിനും വേണ്ടി യത്‌നിക്കുകയും ജനങ്ങളില്‍ ,പ്രത്യേകിച്ച്‌ യുവാക്കളില്‍ ജനാധിപത്യ മതേതരമൂല്യങ്ങള്‍ വളര്‍ത്തുകയും ചെയ്യുക.
 • സര്‍ക്കാര്‍ മുതല്‍മുടക്കോടെ നടത്തുന്ന പൊതുവിദ്യാഭ്യാസം,പൊതുജനാരോഗ്യം തുടങ്ങി മറ്റ്‌ സാമൂഹ്യ സേവന മേഖലകളുടെ പൊതുതാത്‌പര്യസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുക.കേരളത്തിന്റെ തദ്ദേശീയ കലകളുടേയും സാംസ്‌ക്കാരിക രൂപങ്ങളുടേയും പഠനം പ്രോത്സാഹിപ്പിക്കുക.
 • പ്രാദേശിക ഭരണകൂടങ്ങളെ ശാക്തീകരിക്കുന്നതിനുള്ള മാതൃകകള്‍ തയ്യാറാക്കുക,സുസ്ഥിര പ്രാദേശിക വികസന പദ്ധതികള്‍ രൂപപ്പെടുത്തുക.മാനുഷികവിഭവങ്ങളേയും വൈദഗ്‌ദ്ധ്യത്തേയും ചേര്‍ത്തിണക്കിക്കൊണ്ടുള്ള വികസനം പ്രോത്സാഹിപ്പിക്കുക
 • ലൈബ്രറികള്‍ ,ഡോക്യുമെന്റേഷന്‍ സെന്ററുകള്‍ എന്നിവ ആരംഭിക്കുകയും ,ക്ലാസ്സ്‌ ,സെമിനാറുകള്‍ ,പരിശീലനപരിപാടികള്‍ എന്നിവ നടത്തുകയും ,പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുക.
 • വിദ്യാഭ്യാസത്തിനും വിവരവിനിമയത്തിനുമുള്ള സ്ഥാപനങ്ങള്‍ ആരംഭിച്ച്‌ കോഴ്‌്‌സ്‌ നടത്തുകയും അവയ്‌ക്ക്‌ യൂണിവേഴ്‌സിറ്റികളില്‍ നിന്നും അംഗീകാരം നേടുകയും ചെയ്യുക.യുവശാസ്‌ത്രജ്ഞര്‍ ,സാമൂഹ്യപ്രവര്‍ത്തകര്‍ ,വിദ്യാര്‍ത്ഥികള്‍ ,ഗ്രാമീണതലത്തില്‍ പുതുമയാര്‍ന്ന കാര്യങ്ങള്‍ കണ്ടെത്തുന്നവര്‍ ,കലാകാരന്‍മാര്‍ എന്നിവര്‍ക്ക്‌ അവാര്‍ഡുകളും ,സ്‌്‌കോളര്‍ഷിപ്പുകളും ഏര്‍പ്പെടുത്തുക.

ഭരണ സംവിധാനം

ജനറല്‍ ബോഡി: എല്ലാ അംഗങ്ങളും ഉള്‍പ്പെടുന്ന ജനറല്‍ ബോഡിയാണ്‌ കേന്ദ്രത്തിന്റെ പരമാധികാര സഭ.ജനറല്‍ ബോഡി കൊല്ലത്തിലൊരിക്കലെങ്കിലും യോഗം ചേര്‍ന്നിരിക്കണം.വാര്‍ഷിക ജനറല്‍ ബോഡി വര്‍ഷം തോറും മെയ്‌മാസത്തില്‍ കൂടിയിരിക്കണം.

എക്‌സ്‌ക്യൂട്ടീവ്‌ കമ്മിറ്റി: പ്രസിഡണ്ട്‌,രണ്ട്‌ വൈസ്‌ പ്രസിഡണ്ടുമാര്‍ ,സെക്രട്ടറി ,രണ്ട്‌ ജോ:സെക്രട്ടറിമാര്‍ ,ട്രഷറര്‍ ,എന്നീ 7 ഔദ്യോഗിക ഭാരവാഹികളടക്കം 31 പേര്‍ അടങ്ങിയതാണ് എക്‌സ്‌ക്യൂട്ടീവ്‌ കമ്മിറ്റി. എക്‌സ്‌ക്യൂട്ടീവ്‌ കമ്മിറ്റിയുടെ കാലാവധി രണ്ടു വര്‍ഷമാണ്‌. ജനറല്‍ ബോഡിയുടെ അംഗീകാരത്തിനു വിധേയമായി ദൈനംദിന ചുമതല എക്‌സ്‌ക്യൂട്ടീവ്‌ കമ്മിറ്റി നിര്‍വ്വഹിക്കുന്നു.

ഗവേഷണത്തിനും പഠനപ്രവര്‍ത്തനങ്ങള്‍ക്കും സഹായമാകുമാറ്‌ ജനറല്‍ ബോഡിയും എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയും വിവിധ കമ്മിറ്റികള്‍ രൂപൂകരിച്ച്‌ പ്രവര്‍ത്തനങ്ങള്‍ നടത്താവുന്നതാണ്‌.


അംഗത്വം

അംഗത്വം നാല്‌ കാറ്റഗറിയിയാണ്‌ ഉള്ളത്‌.

 • കാറ്റഗറി എയില്‍ അംഗത്വ ഫീ 5000 ക. ആണ്‌.കാറ്റഗറി ബിയില്‍ അംഗത്വ ഫീ 2000 ക. ആണ്‌. എ.ബി.കാറ്റഗറി അംഗത്വം ആജീവനാന്തമാണ്‌.
 • കാറ്റഗറി സിയില്‍ അംഗത്വ ഫീ 100 ക ആണ്‌.സി കാറ്റഗറിയില്‍ പെട്ടവര്‍ വര്‍ഷം തോറും 50 ക വരിസംഖ്യ നല്‍കി അംഗത്വം പുതുക്കണം.സി കാറ്റഗറിയില്‍ പെട്ടവര്‍ക്ക്‌ 500 ക.ഒന്നിച്ച്‌ അടയ്‌ക്കാം.അതില്‍ 400 ക.തുടര്‍ന്നുള്ള 8 വര്‍ഷത്തോക്ക്‌ കണക്കാക്കും.
 • കാറ്റഗറി ഡി സമാനസ്വഭാവമുള്ള സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉള്ളതാണ്‌.അംഗത്വഫി 10000 ക.ആണ്‌.അംഗമാകുന്ന സംഘടന ചുമതലപ്പെടുത്തുന്ന ഒരാള്‍ക്ക്‌ സംഘടനയ്‌ക്ക്‌ വേണ്ടി കേന്ദ്രത്തില്‍ അംഗത്തിന്റെ ചുമതല നിര്‍വ്വഹിക്കാവുന്നതാണ്‌.
 • എല്ലാ കാറ്റഗറിയില്‍ പ്പെട്ട അംഗങ്ങള്‍ക്കും കേന്ദ്രത്തില്‍ തുല്ല്യമായ അധികാരാവകാശങ്ങളാണ്‌ ഉണ്ടായിരിക്കുക.
 • അംഗത്വ കൈമാറ്റം ചെയ്യാന്‍ കഴിയില്ല.അംഗത്വ ഫീ ഒരിക്കല്‍ അടച്ചാല്‍ അത്‌ തിരിച്ചു നല്‍കുന്നതല്ല.
 • കേന്ദ്രത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക്‌ നിരക്കാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്ന അംഗങ്ങളെ കേന്ദ്രത്തിലെ അംഗത്വത്തില്‍ നിന്നും ജനറല്‍ ബോഡിയുടെ അംഗീകാരത്തിനു വിധേയമായി എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിക്ക്‌ ഒഴിവാക്കാവുന്നതാണ്‌.

കേന്ദ്രത്തിന്റെ ഫണ്ടു മറ്റു സാമ്പത്തിക കാര്യങ്ങളും

അംഗത്വഫീ, വാര്‍ഷിക വരിസംഖ്യ, കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വഴിയുള്ള വരുമാനം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായം, പ്രൊജക്ട്‌ സഹായം, സംഭാവന എന്നിവയാണ്‌ മുഖ്യ വരുമാന ശ്രോതസ്സുകള്. കേന്ദ്രത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക്‌ അനുഗുണമായ രീതിയില്‍ മാത്രമേ ഫണ്ട്‌ ഉണ്ടാക്കുകയും ചെലവഴിക്കുകയും ചെയ്യാവൂ.